
Kiran Anand Namboothiri elected as Guruvayoor Melshanthi
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി ഡോ. കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരിയെ (34) തിരഞ്ഞെടുത്തു. 41 പേരാണ് ഇക്കുറി മേല്ശാന്തിയാകാന്അപേക്ഷിച്ചത്. ഇതില്‍ 39 പേര് തന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തി. ഇതില്‍ നിന്ന് യോഗ്യത നേടിയവരുടെ പേരുകള്‍ നറുക്കെടുക്കുകയായിരുന്നു. ക്ഷേത്രത്തില്‍ ഉച്ചപ്പൂജ നടതുറന്ന സമയത്ത് നമസ്കാര മണ്ഡപത്തില്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കിരണ്‍ ആനന്ദ് നമ്പൂതിരിയെ തിരഞ്ഞെടുത്തത്. നിലവിലെ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന് നമ്പൂതിരിയാണ് നറുക്കെടുത്തത്.
ആദ്യമായാണ് കിരണ്‍ ആനന്ദ് നമ്പൂതിര മേല്‍ശാന്തിയാകാന്‍ അപേക്ഷിച്ചത്. സെപ്റ്റംബര്‍ 30 ന് രാത്രി അദ്ദേഹം സ്ഥാനമേല്‍ക്കും. ഇതിന് മുന്നോടിയായി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് മാസമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ക്ഷേത്രത്തില്‍ താന്ത്രികകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവകാശമുള്ള കക്കാട് ഓതിക്കന് കുടുംബത്തിലെ അംഗമാണ് കിരണ്‍ ആനന്ദ് നമ്പൂതിരി. ആയുര്‍വേദ ഡോക്ടറായ അദ്ദേഹം സംഗീതജ്ഞനും മൃദംഗ വിദ്വാനും കൂടിയാണ്. ആറു വര്‍ഷം മോസ്കോയില്‍ ഡോക്ടറായി സേവനം അനുഷ്ടിക്കുകയായിരുന്നു. ഭാര്യ മാനസിയും ഡോക്ടറാണ്.